ആരിസീബോ ഓര്‍മ്മിക്കപ്പെടുമ്പോള്‍...................
- EJ
- Dec 20, 2020
- 2 min read
Updated: Dec 24, 2020

ഒരിക്കല്‍ വാനനിരീക്ഷകരെയും ശാസ്ത്രജ്ഞരെയും ശാസ്ത്രകുതുകികളെയും ഒരുപോലെ വിസ്മയിപ്പിച്ച പ്യൂര്‍ട്ടോറിക്കോയിലെ അരിസീബോ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രധാനഭാഗമായ ടെലിസ്കോപ്പ് ഡീകമ്മീഷന്‍ ചെയ്യുന്നതിലൂടെ ബഹിരാകാശ നിരീക്ഷണത്തിന്‍റെ ഒരു യുഗം അവസാനിക്കുകയാണ്. 2014 ജനുവരിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും, 2017ല്‍ ആഞ്ഞടിച്ച മരിയ കൊടുങ്കാറ്റും ടെലിസ്കോപ്പിനും അനുബന്ധ ഉപകരണങ്ങള്‍ക്കും വലിയ കേടുപാടുകള്‍ വരുത്തിയിരുന്നു. ഇത് പരിഹരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് കണ്ടെത്തിയതിനാല്‍ ഡീകമ്മീഷന്‍ ചെയ്യാനിരിക്കെ ടെലിസ്കോപ്പ് ഡിഷിന് 130 മീറ്റര്‍ മുകളിലായി ഘടിപ്പിച്ചിരുന്ന 900ടണ്‍ ഭാരമുള്ള നിരീക്ഷണ ഉപകരണങ്ങള്‍ കഴിഞ്ഞ രണ്ടാം തീയതി താഴേക്ക് പതിച്ചു. ഇതിന്‍റെ ആഘാതത്തില്‍ ടെലിസ്കോപ്പ് ഡിഷിന്‍റെ ഒരു ഭാഗം തകരുകയും ചെയ്തു.
അമേരിക്കന്‍ ഭരണകൂടത്തിന്‍റെ കീഴിലുള്ള പ്രതിരോധ സ്ഥാപനമായ DARPA(Defence Advanced Research Projects Agency)യുടെ പ്രോജക്റ്റ് ഡിഫെന്‍ററിന്‍റെ ഭാഗമായി ആന്‍റിബാലിസ്റ്റിക് മിസ്സൈലുകള്‍ രൂപപ്പെടുത്താന്‍ തുടങ്ങിയ ഒരു ഗവേഷണ പദ്ധതിയില്‍ നിന്നാണ് ഈ നിരീക്ഷണകേന്ദ്രത്തിന്‍റെ പിറവി. 1963ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആരിസീബോ നിരീക്ഷണകേന്ദ്രം നാഷണല്‍ ആസ്ട്രോണമി ആന്‍റ് അയണോസ്ഫിയര്‍ സെന്‍റര്‍ എന്നും അറിയപ്പെടുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി അരനൂറ്റാണ്ടിലേറെ കൃത്യമായി പറഞ്ഞാല്‍ 53 വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ Single Aperture Telescope ആയി നിലകൊണ്ടു ആരിസീബോ ടെലിസ്കോപ്പ്, 2016 ജൂലൈയില്‍ Five Hundred Meter Aperture Telescope(FAST) ചൈനയില്‍ പ്രവര്‍ത്തനം ആരംഭിക്കും വരെ. അമേരിക്കയിലെ National Science Foundation അനുവദിച്ചിരുന്ന ഫണ്ടിലാണ് ആരിസീബോ നിരീക്ഷണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് NASAയുടെ ഭാഗിക പിന്തുണയും ഉണ്ടായിരുന്നു. 2011 വരെ നിരീക്ഷണകേന്ദ്രം നിയന്ത്രിച്ചിരുന്നത് കോര്‍ണെല്‍ സര്‍വകലാശാല ആയിരുന്നു. 2011ന് ശേഷം SRI International എന്ന അമേരിക്കന്‍ ശാസ്ത്ര ഗവേഷണ കേന്ദ്രവും നിരീക്ഷണകേന്ദ്രത്തിന്‍റെ നിയന്ത്രണത്തില്‍ പങ്കാളിയായി. 2018ല്‍ യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ നേതൃത്വം നല്‍കുന്ന ഒരു കണ്‍സോര്‍ഷ്യം നിരീക്ഷണകേന്ദ്രത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. ഈ കാലയളവിനുള്ളില്‍ ഈ നിരീക്ഷണ കേന്ദ്രത്തിന്‍റെ സഹായത്താല്‍ ശാസ്ത്രലോകം വിപ്ലവകരമായ പല കണ്ടെത്തലുകളും നടത്തി.
പള്‍സറുകളുടെ കണ്ടെത്തല്‍

1968ല്‍ റിച്ചാര്‍ഡ് കൊവാലസ് ക്രാബ് പള്‍സറിന്‍റെ പീരിയോഡിസിറ്റിയെ പറ്റി നടത്തിയ കണ്ടെത്തലാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിന് ശാസ്ത്രത്തിന് ലഭിച്ച ആദ്യ തെളിവ്. 1974ല്‍ റസ്സല്‍ അലന്‍ ഹള്‍സ്, ജോസഫ് ഹൂട്ടണ്‍ ടെയിലർ എന്നീ ശാസ്ത്രജ്ഞര്‍ ഒരു കേന്ദ്രത്തിനെ ചുറ്റുന്ന ഇരട്ട പള്‍സറുകളെ കണ്ടെത്തി. ഈ കണ്ടെത്തലിനായി അവര്‍ ശേഖരിച്ച വിവരങ്ങള്‍ ആൽബർട്ട് ഐൻസ്റ്റൈൻ
മുന്നോട്ട് വെച്ച ആപേക്ഷികതാ സിദ്ധാന്തവുമായി ബന്ധപ്പെട്ട പല പ്രവചനങ്ങളെയും ശരിവയ്ക്കുന്നതായിരുന്നു. ഈ കണ്ടെത്തലിന് ഹള്‍സും ടെയിലറും 1993ലെ ഭൗതികശാസ്ത്ര നോബേലിന് അര്‍ഹരായി. പള്‍സറുകളുടെ കണ്ടെത്തലിനും പഠനങ്ങള്‍ക്കും ശാസ്ത്രത്തെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ആരിസീബോയിലെ ടെലിസ്കോപ്പ് ആയിരുന്നു.
ആദ്യ സൗരയുഥേതര ഗ്രഹത്തെപ്പറ്റിയുള്ള സൂചന
വിദൂര നക്ഷത്ര സമൂഹങ്ങളെ നിരീക്ഷിക്കാനായി മനുഷ്യന്‍ വിക്ഷേപിച്ച കെപ്ലര്‍, സ്പിറ്റ്സർ ടെലിസ്കോപ്പുകളുടെ സഹായത്തോടെ സൗരയൂഥത്തിന് പുറത്ത് ആയിരക്കണക്കിന് ഗ്രഹങ്ങളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ഒരു സൗരയുഥേതര ഗ്രഹത്തെ ആദ്യമായി മനുഷ്യന്‍ കാണുന്നത് 1992ല്‍ ആരിസീബോയിലെ ടെലിസ്കോപ്പിലൂടെയാണ്. വൈദ്യുതകാന്തികവികിരണങ്ങള്‍ പുറത്ത് വിടുന്ന ലിച്ച് പള്‍സര്‍ എന്ന ന്യൂട്രോണ്‍ നക്ഷത്രത്തെ ചുറ്റുന്ന 3 ഗ്രഹങ്ങളായിരുന്നു അത്’.
അന്യഗ്രഹ ജീവികളെ തേടി

1974 നവംബര്‍16ന് ആരിസീബോയിലെ റേഡിയോ റിസീവര്‍ ട്രാന്‍സ്മിട് മോഡിലേക്ക് മാറി. അന്ന് ഡ്രേക്ക് സമവാക്യം രൂപപ്പെടുത്തിയ വിഖ്യാത ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഡ്രേക്കിന്‍റെയും ലോക ചരിത്രത്തിലെ ഏറ്റവും ജനകീയരായ ശാസ്ത്രകാരന്മാരില്‍ ഒരാളായ കാള്‍ സാഗന്‍റെയും നേതൃത്വത്തില്‍ 25000 പ്രകാശവര്‍ഷം അകലെയുള്ള മെസ്സിയര്‍ 13 എന്ന നക്ഷത്ര സമൂഹത്തെ ലക്ഷമാക്കി ശാസ്ത്രലോകം ഒരു സന്ദേശം അയച്ചു. ആ നക്ഷത്ര സമൂഹത്തിലെ ഏതെങ്കിലും ഒരു ഗ്രഹത്തില്‍ മനുഷ്യരുടേതിന് സമാനമായ സാങ്കേതികവിദ്യ സ്വായത്തമാക്കിയ ഒരു ജീവിസമൂഹം ഉണ്ടെങ്കില്‍ അവര്‍ക്ക് ഭൂമിയെയും, അതിലെ ജീവജാലങ്ങളെയും പരിജയപ്പെടുത്തുക എന്നതായിരുന്നു ആ സന്ദേശന്തിന്‍റെ ലക്ഷ്യം. സംഖ്യകളെപ്പറ്റിയും മൂലകങ്ങളെപ്പറ്റിയും DNA യെപ്പറ്റിയുമുള്ള ചില അടിസ്ഥാന വിവരങ്ങളും , സൗരയുഥത്തെപ്പറ്റിയും ഭൂമിയെപ്പറ്റിയുമുള്ള വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ആ സന്ദേശം.

ഭൂമിക്കുപുറത്ത് ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ SETI(Search for Extraterrestrial Intelligence) ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ആരിസീബോ നിരീക്ഷണകേന്ദ്രത്തെയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച അനേകം സിഗ്നലുകളെ SETI ക്കുവേണ്ടി ആരിസീബോയിലെ റഡാറുകള്‍ പിടിച്ചെടുത്തു.
FRB(Fast Radio Burst)
അതിശക്തമായ പ്രാപഞ്ചികപ്രതിഭാസങ്ങളുടെ ഫലമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളുടെ പ്രസരണമാണ് FRB. ശാസ്ത്ര നിഗമനമനുസരിച്ച് സൂര്യന്‍ 3 ദിവസംകൊണ്ട് ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഒരു FRB ഒരു മില്ലിസെക്കന്‍റില്‍ ഉത്പാദിപ്പിക്കും. FRB കളെ ക്കുറിചുള്ള പഠനങ്ങള്‍ക്ക് ശാസ്ത്രത്തിന് ഏറ്റവും സഹായകരമായത് ആരിസീബോ നിരീക്ഷണ കേന്ദ്രമായിരുന്നു.


അരനൂറ്റാണ്ടിന് ശേഷം ചരിത്രത്തിന്‍റെ ഭാഗമായി മാറുന്ന മഹത്തായ ആ ശാസ്ത്ര നിര്‍മ്മിതിയുടെ പിന്‍ഗാമികളായി ചൈനയിലെ FAST(Five Hundred Meter Aperture Telescope), ചിലിയിലെ ALMA(Atacama Large Millimetre Array) എന്നീ അത്യാധുനീക ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങള്‍ നിലവില്‍ വന്നു, ഗുരുത്വതരംഗങ്ങളെ കണ്ടെത്താനും പഠിക്കാനും LEGO(Laser Interferometer Gravitational-Wave Observatory) സ്ഥാപിക്കപ്പെട്ടു.

ഇതിലൂടെയെല്ലാം മനുഷ്യന്‍ പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയെപ്പറ്റിയും നിലനിൽപ്പിനെപ്പറ്റിയും എല്ലാം വിപ്ലവകരമായ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തി മനുഷ്യന്‍ ഒരിക്കല്‍ നക്ഷത്രാന്തര യാത്രകള്‍ നടത്തുമ്പോഴും, പ്രപഞ്ചത്തിന്‍റെ മറ്റൊരു കോണിലുള്ള ജീവികളുമായി കൈകൊര്‍ക്കുമ്പോഴുമെല്ലാം ആരിസീബോ നിരീക്ഷണ കേന്ദ്രവും ആ ടെലിസ്കോപ്പും സ്മരിക്കപ്പെടും.
Commenti