ഓഷ്‌വിറ്റ്‌സിലെ കൊലക്കളങ്ങള്‍...
- Ejas
- Feb 26, 2021
- 6 min read
Updated: Mar 7, 2021

തൊള്ളായിരത്തി നാല്‍പതുകളുടെ ആദ്യ വര്‍ഷങ്ങള്‍ മുതല്‍ അന്നത്തെ പോളണ്ടിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും, ഹങ്കറി, ചെക്കോസ്ലോവാക്യ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ജര്‍മന്‍ അധിനിവേശ പ്രദേശമായിരുന്ന തെക്കന്‍ പോളണ്ടിലെ ക്രാക്കോവ് പട്ടണത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഓഷ്‌വിറ്റ്‌സിലേക്ക് നീണ്ടുകിടക്കുന്ന റെയില്‍ പാതയിലൂടെ ചരക്ക് വാഗണുകള്‍ ഘടിപ്പിച്ച അനേകം തീവണ്ടികള്‍ മൂളിപ്പാഞ്ഞു. ആ വാഗണുകളില്‍ എണ്ണമറ്റ ജൂതന്മാരും, സോവിയറ്റ് പട്ടാളക്കാരും, ജിപ്സികളും കുത്തിനിറക്കപ്പെട്ടിരുന്നു. ആ തീവണ്ടികളുടെ ലക്ഷ്യസ്ഥാനം ഓഷ്‌വിറ്റ്‌സിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായിരുന്നു.

ജര്‍മനിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ജൂതന്മാരാണ് എന്നായിരുന്നു ഹിറ്റ്‌ലറിന്‍റെ വാദം. ജര്‍മന്‍ ജനതയെ ഇതെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചത് ഗീബല്‍സിനെയായിരുന്നു. സമ്പത്തിന്‍റെയും മികച്ച സമൂഹീക അവസ്ഥയുടെയും കേന്ദ്രീകരണം അവരിലേക്കാണ് എന്ന് പറഞ്ഞ ഹിറ്റ്ലര്‍ ജൂതന്മാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ഹിറ്റ്ലറിന്‍റെ അതിതീവ്ര സെമിറ്റിക്ക് മത വിരോധവും ഇതിനെല്ലാം ഒരു കാരണമായി. ജൂതവിരോധത്തിന്‍റെ പാരമ്യതയില്‍ അവരെയെല്ലാം കൊന്നൊടുക്കി ഉല്‍കൃഷ്ടരായ ആര്യന്‍ വംശത്തെ സൃഷ്ടിച്ചെടുക്കാന്‍ ഹിറ്റ്ലറിന്‍റെ നാസി ഭരണകൂടം ഒരു പദ്ധതി തയ്യാറാക്കി. 'ജൂത ചോദ്യത്തിനുള്ള പരിപൂര്‍ണ്ണ പരിഹാരം' എന്ന് പേരിട്ട ആ പദ്ധതിക്ക് അവര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ഉപയോഗപ്പെടുത്തി. വംശശുദ്ധിക്കായി യൂറോപ്പിലെ ഏതൊക്കെ രാജ്യത്തുനിന്നുള്ള ജൂതന്മാരെ തങ്ങള്‍ക്ക് പിടികൂടാന്‍ കഴിയുമോ , അവിടെ നിന്നെല്ലാം ജൂതന്മാരെ പിടികൂടി കോണ്‍സണ്‍ട്രേഷന്‍ കാമ്പിലെത്തിക്കാന്‍ നാസികള്‍ ശ്രമിച്ചു. പരിപൂര്‍ണ്ണ ജൂത വംശഹത്യയായിരുന്നു നാസികളുടെ ലക്ഷ്യം.
ഓഷ്‌വിറ്റ്‌സിലെ ആദ്യത്തെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ ഇരകള്‍ യുദ്ധത്തടവുകാരായ സോവിയറ്റ് പട്ടാളക്കാരായിരുന്നു. ജൂത വംശഹത്യ എന്ന ലക്ഷ്യം മുന്നില്‍ വന്നപ്പോള്‍ അത് പരമാവധി വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി ഓഷ്‌വിറ്റ്‌സില്‍ പുതിയ ക്യാമ്പുകള്‍ നാസികള്‍ പണിതുയര്‍ത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഓഷ്‌വിറ്റ്‌സ്2 എന്നറിയപ്പെട്ട ബെര്‍കെനൗ കോണ്‍സണ്‍ട്രേഷന്‍ ആന്‍റ് എക്സ്ടെര്‍മിനേഷന്‍ ക്യാമ്പ്. 1945 ജനുവരയിയില്‍ സോവിയറ്റ് യൂണിയന്‍റെ ചെമ്പട എത്തുന്നത് വരെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ ആ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അരങ്ങേറി.

1942ലാണ് ബെര്‍കെനൗ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ആരംഭിക്കുന്നത്. ഒന്നേകാല്‍ലക്ഷത്തോളം തടവുകാരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ക്യാമ്പ് നിര്‍മ്മിക്കപ്പെട്ടത്. 1944 ല്‍ മാത്രം ഏകദേശം 100 തവണകളായി നാല് ലക്ഷം പേര്‍ ഹങ്കറിയില്‍ നിന്നും മൂന്ന് ലക്ഷം പേര്‍ പോളണ്ടില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും നെതര്‍ലന്‍ഡ്‌സില്‍ നിന്നുമായി ഒന്നേകാല്‍ ലക്ഷം പേരും ബെര്‍കെനൗ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി. ഇതില്‍ ഏറ്റവും കൂടുതല്‍ ജൂതര്‍ വന്നത് ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നായിരുന്നു. വംശഹത്യയുടെ മൊത്തവ്യാപാരകേന്ദ്രമായിരുന്ന ഈ ക്യാമ്പില്‍ എത്തിയ 90 ശതമാനം മനുഷ്യരും പിന്നെ തിരിച്ചുവന്നില്ല. അവരെല്ലാം ശ്മശാനത്തില്‍ ഒരുപിടി ചാരമായി മാറി. ഓഷ്‌വിറ്റ്‌സിലെ കമാന്‍ഡറായിരുന്ന റൂഡോള്‍ഫ് ഹോസ്സ് തന്‍റെ വിചാരണവേളയില്‍ പറഞ്ഞത് ഏകദേശം 30 ലക്ഷം ജൂതന്മാരെ ഓഷ്‌വിറ്റ്‌സിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ വെച്ച് കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്പില്‍ ആ

കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജൂതസമൂഹത്തിലെ 90 ശതമാനം മനുഷ്യരും ഈ ക്യാമ്പില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. 1932 ല്‍ കേരളസന്ദര്‍ശനം നടത്തിയ മാക്സിമില്യൻ കോൾബെ രക്തസാക്ഷിത്വം വരിച്ചതും ഇവിടെവെച്ചാണ്. ഇദ്ദേഹത്തെ 1982 ഒക്ടോബർ 10ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു.
മരണത്തിന്‍റെ കവാടം എന്നറിയപ്പെട്ട ബെര്‍കെനൗ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന്‍റെ കവാടത്തിലൂടെ എത്തിപ്പെട്ട മനുഷ്യര്‍ക്ക് അറിയില്ലായിരുന്നു അവരെ കാത്തിരിക്കുന്നത് പീഡനങ്ങളുടെയും വേദനകളുടെയും നാളുകളാണെന്ന്. “നരകത്തോട് ഏറ്റവും അടുത്തുനിന്ന സ്ഥലം” അതാണ് ബെര്‍കെനൗ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ ഭീകരതയെ അതിജീവിക്കാന്‍ കഴിഞ്ഞ വളരെ കുറച്ച് മനുഷ്യര്‍ ക്യാമ്പിനെപ്പറ്റി ഓര്‍ത്തെടുക്കുന്നത്. തങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ക്രൂരമായി കൊല്ലപ്പെടുന്നു എന്ന് അവിടെ പിടഞ്ഞുവീണ ഒരു മനുഷ്യനും മനസ്സിലായിരുന്നില്ല. അതാണ് ഒരു മനുഷ്യന്‍ അഭിമുഖീകരിക്കാവുന്ന ഏറ്റവും ദുരിതമയമായ മരണം.
സ്വന്തം വീടും മണ്ണും വിട്ട് അനാഥരായി ബെര്‍കെനൗവില്‍ വന്നിറങ്ങിയ മനുഷ്യരെ നാസി പട്ടാളം പല സംഘങ്ങളായി വേര്‍തിരിച്ചു. ഒരു സംഘത്തില്‍ സംഘത്തില്‍ സ്ത്രീകളും കുട്ടികളും, മറ്റൊന്നില്‍ പുരുഷന്മാര്‍. പുരുഷന്മാരില്‍ ജോലിചെയ്യാന്‍ പ്രാപ്തരായവരെയും അല്ലാത്തവരെയും നാസി ഡോക്ടര്‍മാര്‍ വീണ്ടും വേരിതിരിച്ചു. ജോലിചെയ്യാന്‍ പ്രാപ്തരല്ലാത്തവരെയും ഭൂരിപക്ഷം കുട്ടികളെയും നാസികള്‍ ഗ്യാസ് ചേംബറുകളില്‍ മരണത്തിന് വിട്ടുകൊടുത്തു. സ്ത്രീകളെ നാസി പട്ടാളക്കാരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ശേഷവും. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ഇരട്ടകുട്ടികളെ വൈദ്യപരീക്ഷണങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വേര്‍തിരിച്ചിരുന്നു.

സയനേഡ് മിശ്രിതമായ സൈക്ലോന്‍ ബി എന്ന വിഷവാതകമായിരുന്നു നാസികള്‍ ഗ്യാസ് ചേംബറുകളില്‍ ഉപയോഗിച്ചിരുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളില്‍ നിന്നും ദിവസങ്ങളോളം യാത്ര ചെയ്ത് വരുന്ന മനുഷ്യരെ ശരീരം ശുദ്ധിയാക്കാനെന്ന വ്യാജേന വിവസ്ത്രരാക്കിയതിന് ശേഷം ഷവറുകള്‍ ഘടിപ്പിച്ച ഗ്യാസ് ചേംബറുകളിലേക്ക് കയറ്റി. ഷവറുകളില്‍ നിന്ന് വെള്ളം വരുന്നതും പ്രതീക്ഷിച്ച് നിന്ന മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊണ്ട് മനുഷ്യരുടെ ഇടയിലേക്ക് സൈക്ലോന്‍ ബി വന്നുനിറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആയിരങ്ങള്‍ ഒരേസമയം പിടഞ്ഞുവീണു. ബെര്‍കെനൗവിലെ ഗ്യാസ് ചേംബറുകളുടെ ഭിത്തികളില്‍ നിങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ നഖങ്ങള്‍ കൊണ്ട് കോറിയ പാടുകള്‍ കാണാനാകും. മരണവെപ്രാളത്തില്‍ ആ മനുഷ്യര്‍ക്ക് അത് മാത്രമേ സാധിച്ചുള്ളൂ.

റൂഡോള്‍ഫ് ഹോസ്സ് തന്‍റെ വിചാരണവേളയില്‍ പറഞ്ഞ മറ്റൊരുകാര്യം “ഞങ്ങള്‍ക്ക് 3000 മനുഷ്യരെ വരെ കൊല്ലാന്‍ 3 മുതല്‍ 15 മിനിറ്റ് വരെ മാത്രം സമയം മതിയായിരുന്നു” എന്നാണ്. ജീവനുവേണ്ടി പിടഞ്ഞ ആ മനുഷ്യരുടെ അലമുറകള്‍ നിലച്ചുകഴിയുമ്പോള്‍ ഗ്യാസ് ചേംബറുകളില്‍ നിന്ന് ജീവനറ്റ ശരീരങ്ങള്‍ ക്യാമ്പില്‍ തന്നെയുള്ള ശ്മശാനത്തിലെത്തിച്ച് ദഹിപ്പിച്ചുകൊണ്ടിരുന്നു. ഇതിന് ക്യാമ്പിലെ തടവുകാരെതന്നെയാണ് ഉപയോഗിച്ചിരുന്നത്. അവരെയെല്ലാം അന്ന് വൈകുന്നേരങ്ങളില്‍ തന്നെ കൊന്നുകളയാന്‍ നാസികള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗ്യാസ് ചേംബറുകളെപ്പറ്റി ആരും ആറിയാതിരിക്കാനായിരുന്നു അത്.
സാധാരണ സമയങ്ങളില്‍ രാവിലെ 4.30 നും ശൈത്യകാലത്ത് 5.30 നും തടവുകാര്‍ എഴുനേല്‍ക്കണമെന്നും രാത്രി 9 മണിക്ക് ശേഷം ക്യാമ്പ് മുഴുവന്‍ ഉറക്കമാകണം എന്നുമായിരുന്നു ചട്ടം. എണ്ണമെടുക്കലിന് ശേഷം കഠിനമായ ജോലിയാണ്. അത് ചെയ്യാന്‍ കഴിയാത്തവര്‍ തങ്ങളുടെ കണ്ണില്‍പ്പെട്ടാല്‍ നാസികള്‍ അവരെ തോക്കിനിരയാക്കുകയോ ഗ്യാസ് ചേംബറിലേക്ക് അയക്കുകയോ ചെയ്യും. ചിലരെല്ലാം കഠിനമായ പീഡനങ്ങള്‍ക്ക് ഇരയായതിന് ശേഷമാവും മരിച്ചുവീഴുക. മിക്ക ദിവസങ്ങളിലും ക്യാമ്പിന്‍റെ ആകാശങ്ങളിലേക്ക് വെടിയൊച്ചകള്‍ അലയടിച്ചിരുന്നു.
സാഡിസം തഴച്ചുവളര്‍ന്ന മണ്ണായിരുന്നു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേത്. ജൂതന്മാരായ തടവുകാരെ പരമാവധി വേദനിപ്പിക്കുന്നതിലൂടെ നാസികള്‍ അത്യാനന്ദം കണ്ടെത്തി. ജോലിചെയ്യുന്നതില്‍ പുറകിലായവരെയും പ്രശ്നക്കാരെയും കൈകള്‍ പിന്നോട്ട് കെട്ടി കാലുകള്‍ നിലത്ത് ചവിട്ടാന്‍ പറ്റാത്തവിധം തൂക്കിയിട്ടു. അപ്പോള്‍ ശരീരത്തിന്‍റെ മുഴുവന്‍ ഭാരവും താങ്ങേണ്ടത് പിന്നിലേക്ക് കെട്ടിയ

കൈകളാണ്. ഏറെ കഴിയും മുന്‍പ് തന്നെ അവരുടെ തോളെല്ലുകളില്‍ വലിയ അകല്‍ച്ച സംഭവിച്ചിട്ടുണ്ടാകും. കൈകളിലെ കെട്ടഴിക്കുമ്പോള്‍ ഒന്നനങ്ങാന്‍ പോലും സാധിക്കാതെ തടവുകാര്‍ വേദനകൊണ്ട് പുളഞ്ഞു. ശരീരം സ്വന്തമായി ചലിക്കാന്‍ സാധിക്കാത്ത അവരെ പിന്നീട് ഗ്യാസ് ചേംബറുകള്‍ക്ക് വിട്ടുകൊടുത്തു. ചിലരെ സ്റ്റാന്‍റിങ്ങ് സെല്ലുകളില്‍ അടച്ചു. പേരുസൂചിപ്പിക്കും പോലെ നില്‍ക്കാന്‍ മാത്രം കഴിയുന്ന ഒരു ചെറിയ തടവറയില്‍ ചിലര്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടി. ചില പ്രത്യേക തടവറകളില്‍ വെള്ളമെത്തിക്കാതെയും ഓക്സിജന്‍റെ അളവ് മനപ്പൂര്‍വ്വം കുറച്ചും നാസികള്‍ തടവുകാരെ കൊന്നുകൊണ്ടിരുന്നു.
ക്യാമ്പിലെ ബാരക്കുകളില്‍ തട്ടുകള്‍ തിരിച്ചായിരുന്നു തടവുകാരെ കിടത്തിയിരുന്നത്. 25 മുതല്‍ 30 വരെ തടവുകാര്‍ ഒരു തട്ടില്‍ കിടക്കണം എന്നായിരുന്നു നിയമം. അതുകൊണ്ട് തന്നെ ഉറക്കത്തില്‍ ശരീരം ശരിക്കൊന്ന് നിര്‍വര്‍ത്താന്‍ ആ മനുഷ്യര്‍ക്ക് കഴിഞ്ഞില്ല. ഉറങ്ങാന്‍ കിടന്ന ചിലര്‍ തലേദിവസത്തെ കൊടിയ പീഡനങ്ങള്‍ കാരണം അടുത്ത ദിവസം എഴുനേറ്റില്ല. മരിച്ചവര്‍ക്ക് വേണ്ടി കരയാനോ ശബ്ദമുയര്‍താനോ അവിടെ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വേദന സഹിച്ചിരുന്നത് വൈദ്യപരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവരായിരുന്നു. അനന്തരഫലങ്ങലെയോ തടവുകാരുടെ ആരോഗ്യത്തെയോ പരിഗണിക്കാതെയായിരുന്നു പരീക്ഷണങ്ങളത്രയും. ജര്‍മന്‍ അര്‍ദ്ധസൈനിക വിഭാഗമായ ഷുഡ്സ്റ്റാഫേലിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാരായിരുന്നു പരീക്ഷണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്നത്. കാള്‍ ക്ലൗബെര്‍ഗ്, ഹോസ്റ്റ് ഷൂമാന്‍, ജോസഫ് മെന്‍ഗെല, എഡ്വേര്‍ഡ് റിത്ത്സ്, ഓഗസ്റ്റ് ഹാര്‍ട്ട്, ജോണ്‍ പോള്‍ ക്രീമര്‍, എമില്‍ കാഷുബ് തുടങ്ങിയവരായിരുന്നു ഈ സംഘത്തിലെ പ്രമുഖര്‍. ചിലര്‍ പരീക്ഷണങ്ങള്‍ക്കായി തടവുകാരെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ടവരായിരുന്നു. മറ്റുള്ളവര്‍ ലാബുകളില്‍ പരീക്ഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്ത്രീ-പുരുഷന്മാരുടെ പ്രത്യുല്‍പാദന അവയവങ്ങളില്‍ എക്സറേ കിരണങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ട് പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കാനുള്ള പരീക്ഷണങ്ങള്‍ അവര്‍ ചെയ്തു. ജര്‍മന്‍ സൈന്യത്തില്‍ അക്കാലത്ത് രോഗം അഭിനയിച്ച് ഡ്യുട്ടിക്ക് വരാതിരിക്കല്‍ പതിവ് സംഭവമായിരുന്നു. ഇതിനായി ജര്‍മന്‍ സൈനികര്‍ പല രീതികള്‍ അവലംബിച്ചു. സ്വയം മുറിവുണ്ടാക്കുക, രോഗം പിടിപെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുക തുടങ്ങിയവയായിരുന്നു അത്. ഈ ലക്ഷണങ്ങള്‍ പല മരുന്നുകളും രാസവസ്തുക്കളും ഉപയോഗിച്ച് തടവുകാരില്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത് പഠനങ്ങള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. ഇതിനായി മാരക വിഷാംശങ്ങളടങ്ങിയ രാസവസ്തുക്കള്‍ തടവുകാരില്‍ കുത്തിവെക്കുകയോ തൊലിപ്പുറത്ത് പുരട്ടുകയോ ചെയ്തു. അനസ്തേഷ്യയും മറ്റ് മയക്കുന്ന സംവിധാനങ്ങളൊന്നും ഉപയോഗിക്കാതെ നാസി ഡോക്ടര്‍മാര്‍ തടവുകാരില്‍ കൈകാലുകള്‍ മാറ്റിവെക്കുകയും ആന്തരീകാവയവങ്ങള്‍ പുറത്തെടുക്കയും ചെയ്തിരുന്നു. ഛേദിക്കപ്പെട്ടിടത്തുനിന്ന് പേശികളും, ഞരമ്പുകളും, എല്ലുകളും പൂര്‍വ്വസ്ഥിതിയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമോ എന്ന് അവര്‍ പരീക്ഷിച്ചു. ഇതിനായി അനേകം ജൂതന്മാരെ നാസികള്‍ അംഗഛേദം നടത്തി. മാരക രോഗങ്ങള്‍ പിടിപെടാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കി രോഗം പിടിപെട്ടവരുടെ രക്തം രോഗമില്ലാത്തവരിലേക്ക് കുത്തിവെച്ച് അവരിലെ മാറ്റങ്ങള്‍ പഠനവിധേയമാക്കി. തടവുകാരുടെ പല അവയവങ്ങളും മുറിച്ചുമാറ്റി രക്തം കട്ടപിടിക്കാനുള്ള മരുന്നുകളുടെ പരീക്ഷണങ്ങള്‍ നടത്തി. ആഗോള മരുന്ന് നിര്‍മ്മാണ ഭീമന്മാരായ ബേയര്‍ ബെര്‍കെനൗവിലെ തടവുകാരെ മരുന്ന് പരീക്ഷണങ്ങള്‍ക്കായി വിലകൊടുത്ത് വാങ്ങിയിരുന്നു. ഈ പരീക്ഷണങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ബേയര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നിരുന്നു.

ബെര്‍കെനൗ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ ഡോക്ടര്‍മാരില്‍ ഏറ്റവും കുപ്രസിദ്ധനായിരുന്നു മരണത്തിന്‍റെ മാലാഖ എന്നറിയപ്പെട്ട ജോസഫ് മെന്‍ഗലെ. കുട്ടികളിലെ വൈദ്യപരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് വൈദ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും ഡോക്ടറേറ്റ് ഉണ്ടായിരുന്ന മെന്‍ഗലെ ആയിരുന്നു. ഓഷ്‌വിറ്റ്‌സിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആയിരുന്ന എഡ്വേര്‍ഡ് റിത്ത്സ് ആണ് മെന്‍ഗലെയെ ബെര്‍കെനൗവിലേക്ക് നിയോഗിക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് വിധേയരാകേണ്ടിയിരുന്ന കുട്ടികള്‍ക്ക് മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ നാസികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വൈദ്യപരീക്ഷണങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ അവരുടെ ശരീരം പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കണം എന്ന ഉദ്ദേശമായിരുന്നു അതിനുപിന്നില്‍. മികച്ച സൗകര്യങ്ങളുള്ള ബാരക്കുകളും മികച്ച ഭക്ഷണവും ലഭിച്ച ആ കുട്ടികളുടെ ആശ്വാസത്തോടെയുള്ള നെടുവീര്‍പ്പുകള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. കണ്ണിന്‍റെ നിറം മാറ്റാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായി കുട്ടികളുടെ കണ്ണുകളിലേക്ക് മെന്‍ഗലെ അതിമാരക രാസവസ്തുക്കള്‍ കുത്തിവെച്ചു. രണ്ട് തരം കൃഷ്ണമണികള്‍ ഉള്ള കുട്ടികളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ബെര്‍ലിനിലെ ലബോറട്ടറിയില്‍ പരീക്ഷങ്ങള്‍ക്കയച്ചു.
ബെര്‍കെനൗവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന മനുഷ്യര്‍ക്കിടയില്‍ ഇരട്ടക്കുട്ടികളെന്ന് സംശയിക്കുന്നവരെ കണ്ടാല്‍ അത് പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം പട്ടാളക്കാര്‍ ആക്രോശിച്ചു “ഇരട്ടകള്‍... ഇരട്ടകള്‍....”. മാതാപിതാക്കളില്‍ നിന്ന് അവരെ വേര്‍തിരിച്ചതിന് ശേഷം പ്രത്യേകം മെന്‍ഗലെയുടെ കൈയ്യിലേക്കെത്തിച്ചു. അയാള്‍ എല്ലാദിവസവും ആ കുട്ടികളെ മധുരങ്ങളുമായി കാണാനെത്തി. പരീക്ഷണങ്ങള്‍ക്കായി കൈകാലുകള്‍ ബന്ധിക്കും വരെ കുട്ടികളില്‍ നിന്ന് തന്‍റെനേര്‍ക്ക് എതിര്‍പ്പുകളൊന്നും ഉണ്ടാകാതിരികാനുള്ള തന്ത്രമായിരുന്നു അത്. ഇരട്ടക്കുട്ടികളുടെ പല ശരീരഭാഗങ്ങളിലെയും തൊലി നീക്കം ചെയ്തതിന് ശേഷം അവരെ കൂട്ടിത്തുന്നി കൃത്രിമ സയാമീസ് ഇരട്ടകളെ ഉണ്ടാകിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ വന്‍തോതില്‍ നാസികള്‍ നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ അതിന്‍റെ ഇരകളായത് ബെര്‍കെനൗ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. ഭീകരമായ ഈ ശസ്ത്രക്രീയക്ക് ശേഷം അവരിലെ മാറ്റങ്ങള്‍ നാസികള്‍ പഠനവിധേയമാക്കി. ഒരുകുട്ടിയുടെ രക്തക്കുഴലിലേക്ക് മാരകരോഗാണുക്കളെ കുത്തിവെച്ച് അടുത്തകുട്ടിയില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു. പരീക്ഷണങ്ങള്‍ക്ക് വിധേയരായ പല കുട്ടികളും മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തില്‍ അഭയം തേടി. ഹൃദയത്തിലേക്ക് നേരിട്ട് ക്ലോറോഫോം കുത്തിവെച്ച് നടത്തിയ പരീക്ഷണത്തില്‍ ഒരു രാത്രി ആ ക്യാമ്പില്‍ കൊല്ലപ്പെട്ടത് 14 ഇരട്ടകളായിരുന്നു. അതായത് 28 കുട്ടികള്‍. കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രീയകള്‍ വരെ മെന്‍ഗലെയുടെ നേതൃത്വത്തില്‍ ബെര്‍കെനൗവിലെ ചുമരുകള്‍ക്കുള്ളില്‍ അരങ്ങേറി. ഇങ്ങനെ ചിന്തിക്കാന്‍ കഴിയാത്ത യാതനകള്‍ ജൂത സമൂഹം ആ ക്യാമ്പുകളില്‍ സഹിച്ചു. എണ്ണമറ്റ മനുഷ്യര്‍ ഗ്യാസ് ചേംബറുകളില്‍ പിടഞ്ഞുവീണു. ജീവനുതുല്യം സ്നേഹിച്ച പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്ത് സംഭവിച്ചു എന്നറിയാന്‍ പോലും കഴിയാതെ അറുപത് മുതല്‍ എഴുപത് ലക്ഷം മനുഷ്യര്‍ മരണത്തിലേക്ക് തള്ളിയിടപ്പെട്ടു.

രണ്ടാംലോക മഹായുദ്ധത്തിന്‍റെ അവസാന നാളുകളിലാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ ക്രൂരതയുടെ കഥകള്‍ ലോകം അറിയുന്നത്. ഈ ഘട്ടത്തില്‍ ഹിറ്റ്ലറിന്‍റെ നാസി ജര്‍മ്മനി പലയിടങ്ങളിലും സോവിയറ്റ് പട്ടാളത്തിനും പടിഞ്ഞാറന്‍ സഖ്യസേനക്ക് മുന്നിലും പതറിപ്പോയിരുന്നു. ജര്‍മ്മനിയിലേക്കും ജര്‍മ്മന്‍ അധിനിവേശപ്രദേശങ്ങളിലേക്കും ചെമ്പട ഇരച്ചുകയറി. അങ്ങനെ 1945 ജനുവരി 27ന് ഓഷ്‌വിറ്റ്‌സിലെ കാമ്പിലേക്കും സര്‍വ്വസജ്ജീകരണങ്ങളോടെ അവര്‍ എത്തി. ചെമ്പടയുടെ വരവ് പ്രതീക്ഷിച്ച നാസികള്‍ തടവുകാരെ സംസ്കരിച്ചുകൊണ്ടിരുന്ന പല കേന്ദ്രങ്ങളും ഇടിച്ചുനിരത്തി പരമാവധി തടവുകാരെയും കൊണ്ട് മറ്റൊരു ക്യാമ്പിലേക്ക് പാലായനം ചെയ്തു. എന്നാല്‍ വൈദ്യപരീക്ഷണങ്ങളുടെയും കൊടിയ പീഡനങ്ങളുടെയും പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന എല്ലുംതോലുമായിപ്പോയ അനേകം മനുഷ്യര്‍ അപ്പോഴും അവിടെ ഉണ്ടായിരുന്നു. ചെമ്പട അന്ന് അവിടന്ന് രക്ഷപ്പെടുത്തിയത് ഏഴായിരത്തോളം മനുഷ്യരെയാണ്.
1945 ഏപ്രില്‍ 16ന് ചെമ്പട ബെര്‍ലിനെ വളഞ്ഞ് അവസാനവട്ട ആക്രമണം ആരംഭിച്ചു. സോവിയറ്റ് യൂണിയന്‍ പിടികൂടുമെന്ന് ഉറപ്പായതോടെ ഹിറ്റ്ലര്‍ സ്വന്തം തലയിലേക്ക് നിറയൊഴിച്ചു. നേതൃത്വമില്ലാതായ നാസി ജര്‍മ്മനി 1945 മെയ് 7ന് പടിഞ്ഞാറന്‍ സഖ്യസേനക്ക് മുന്നിലും മെയ് 9ന് ചെമ്പടക്ക് മുന്നിലും കീഴടങ്ങി. പ്രധിരോധിക്കാന്‍ കഴിയാത്ത ആക്രമണത്തില്‍ ബെര്‍ലിന്‍ നഗരം നാമാവശേഷമായി. വംശശുദ്ധിക്കായുള്ള എല്ലാ പദ്ധതികളും തകര്‍ക്കപ്പെട്ടു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പലതും നിലംപൊത്തി. ക്യാമ്പുകളിലെ വംശഹത്യയുടെ കൈപ്പിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജൂതസമൂഹം ജീവിതം കരുപ്പിടിപ്പിക്കാന്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു.
ഹിറ്റ്ലറിന്‍റെ തകര്‍ച്ചയോടെ നാസിസം എന്ന ഭീകരത ഭരണത്തില്‍ നിന്ന് തുടച്ചുമാട്ടപ്പെട്ടത് ലോകം ആശ്വാസത്തോടെയാണ് കണ്ടുനിന്നത്. നാസിസം അതിന്‍റെ സുവര്‍ണ്ണകാലത്തെ ഊര്‍ജ്ജത്തോടെ നിലനിന്നിരുന്നെങ്കില്‍ ലോകക്രമം തന്നെ മാറിമറിയുമായിരുന്നു. ഭാഗ്യവശാല്‍ അതുണ്ടായില്ല. എന്നാല്‍ ഇന്നും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും നാസിസം ചെറിയതോതില്‍ പ്രതിഫലിക്കുന്നത് കാണാനാകും. പല കായികമത്സരങ്ങള്‍ക്കിടയിലും നാസി അഭിവാദ്യം നമ്മള്‍ കണ്ടു. വടക്കന്‍ ജര്‍മ്മനിയിലെ ജാമേല്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന 99 ശതമാനം

മനുഷ്യരും നാസിസത്തെയും അതിതീവ്ര വലതുപക്ഷ ആശയങ്ങളെയും പിന്തുണക്കുന്നവരാണ്. എന്നാല്‍ പ്രതിലോമകരമായ ഈ ആശയം വലിയ പിന്തുണകളുടെ അഭാവം കാരണം സമീപഭാവിയില്‍ തന്നെ മനുഷ്യരുടെ തലച്ചോറില്‍ നിന്നും ഇല്ലാതാകും എന്ന് പ്രതീക്ഷിക്കാം.
നാസിസം എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് അടിയുറച്ച് വിശ്വസിക്കുമ്പോഴും ഹിറ്റ്ലര്‍ അന്ന് ജൂത സമൂഹത്തോട് ഈവിധം ക്രൂരമായി പെരുമാറിയിരുന്നതിനെ മൃഗീയമായി ന്യായീകരിക്കുന്ന മനുഷ്യരെ ഇന്നും നമ്മുടെ സമൂഹത്തില്‍ കാണാനാകും. ഇവര്‍ ജൂതസമൂഹത്തെയും ഇസ്രയേല്‍ എന്ന രാജ്യത്തെയും നികൃഷ്ടതയുടെ പര്യായങ്ങളായി കാണുന്നു എന്നുള്ളതും പകല്‍പോലെ വ്യക്തമാണ്. ഇസ്രയേല്‍ പല അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചത് മേല്‍പ്പറഞ്ഞ ജൂതവിരോധികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇസ്രയേലിന്‍റെ സര്‍വ്വ പ്രവര്‍ത്തികളും ന്യായീകരിക്കപ്പെടണം എന്നും അഭിപ്രായപ്പെടാനാവില്ല. കാരണം ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സൈനിക നടപടികളും തീര്‍ത്തും അപലപനീയമാണ്. ചര്‍ച്ചകളും മികച്ച ഇടപെടലുകളും നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. പ്രാകൃതമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ അത് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും. ചില മതപരമായ കാരണങ്ങളാല്‍ ഒരു സമൂഹത്തെ മുഴുവന്‍ ഒറ്റപ്പെടുത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും ആധുനിക മനുഷ്യന് ചേര്‍ന്ന നിലപാടല്ല. അത് മനസ്സിലാക്കിയിട്ടും ഇരുട്ടില്‍ തന്നെ ജീവിക്കുന്ന മനുഷ്യര്‍ ജോസഫ് മെന്‍ഗലെയുടെ വൈദ്യപരീക്ഷണങ്ങളുടെ ജീവിക്കുന്ന അടയാളമായിരുന്ന ഇവ മോസസ് കോര്‍ പറഞ്ഞത് കേള്‍ക്കുക;
“ബെര്‍കെനൗ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ വന്നിറങ്ങിയപ്പോള്‍ എവിടെനിന്നോ ഒരു നാസി പട്ടാളക്കാരന്‍ വിളിച്ചുപറഞ്ഞു.... ഇരട്ടകള്‍... ഇരട്ടകള്‍.. ആ നിമിഷം തന്നെ എന്നെയും എന്‍റെ സഹോദരിയെയും ഞങ്ങളുടെ അമ്മയില്‍ നിന്ന് അവര്‍ വേര്‍പെടുത്തി. കരഞ്ഞുകൊണ്ട് ഞങ്ങള്‍ക്ക് നേരെ നീട്ടിയ കൈകളുമായി ഞങ്ങളുടെ അമ്മ അവിടെവെച്ച് അപ്രത്യക്ഷയായി.. പിന്നെ ഞങ്ങള്‍ അമ്മയെ ഒരിക്കലും കണ്ടില്ല....”
കടപ്പാട്:
Safari
DW Documentary
Journeyman Pictures
Great. Super informative. അക്കാദമിക് അവശ്യങ്ങൾക്ക് വേണ്ടി ഈ പേജുകൾ തിരയപ്പെടുന്ന കാലം വിദൂരത്തല്ല.
My wishes💕🌺