top of page

ഭൂമിയെ കാക്കുന്നവര്‍...

  • Writer: Ejas
    Ejas
  • Apr 17, 2021
  • 2 min read


ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് കടലില്‍ ജീവിക്കുന്ന സസ്തനിയായ തിമീഗലങ്ങള്‍. ഏകദേശം 50 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ തിമീഗലങ്ങള്‍ ഉള്‍പ്പെടുന്ന സറ്റേസ്യ കുടുംബത്തിന്‍റെ ഉത്ഭവം. 21 ഇനങ്ങളില്‍ പെട്ട തിമീഗലങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്കും വ്യവസായ വിപ്ലവത്തിന്‍റെ നാളുകളില്‍ ഉയര്‍ന്ന ആവശ്യഗത ഉണ്ടായിരുന്ന ഒരുതരം എണ്ണ ഉത്പാദിപ്പിക്കാനും ശാസ്ത്രീയാവശ്യങ്ങള്‍ക്ക് എന്ന വ്യാജേനയും പണക്കൊതിയരായ മനുഷ്യര്‍ ഈ ജിവിവര്‍ഗ്ഗങ്ങളെ വേട്ടയാടി

വംശനാശത്തിന്‍റെ വക്കിലേക്ക് തള്ളിയിട്ടു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തിമീഗലവേട്ട വലിയ ധീരമായ പ്രവര്‍ത്തിയായി സമൂഹം വാഴ്ത്തി. സാഹിത്യത്തിലും സിനിമയിലും തിമീഗലവേട്ട ഇതിവൃത്തമായി. ഹെര്‍മന്‍ മെല്‍വില്‍ രചിച്ച വിശ്വസാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളിലൊന്നായ മൊബി ഡിക്കിന്‍റെ ഉള്ളടക്കവും മറ്റൊന്നായിരുന്നില്ല. ആ വേട്ടക്കഥകള്‍ മനുഷ്യരെ പുളകം കൊള്ളിച്ചു. 1930 ആകുമ്പോഴേക്കും വര്‍ഷം 50000 തിമീഗലങ്ങള്‍ മനുഷ്യന്‍റെ ചാട്ടുള്ളികള്‍ക്ക് ഇരകളായിക്കൊണ്ടിരുന്നു. 1960 നും 1980 ഇടയിലുള്ള ചില വര്‍ഷങ്ങളില്‍ ഇത് 80000 വരെയെത്തി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.



തിമീഗലങ്ങള്‍ വംശനാശം സംഭവിക്കും എന്ന് ഉറപ്പായതോടെ ആഗോളതലത്തിലെ ആദ്യ പാരിസ്ഥിതിക നിയമങ്ങളിലൊന്നിന്‍റെ ഫലമായി രൂപംകൊണ്ട സംഘടനയായ IWC(International Whaling Commission) 1986ല്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കുള്ള തിമീഗലവേട്ട നിരോധിച്ചു. ഇങ്ങനെയൊരു നടപടി ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്ന് പല തിമീഗല ഇനങ്ങള്‍ക്കും വംശനാശം സംഭവിക്കുമായിരുന്നു. എന്നാല്‍ ജപ്പാന്‍, ഡന്‍മാര്‍ക്ക്‌, നോര്‍വേ പോലുള്ള രാജ്യങ്ങള്‍ വിലക്ക് മറികടന്ന് സ്വന്തം സമുദ്രാതിര്‍ത്തിക്കുള്ളില്‍ ഇപ്പോഴും തിമീഗലവേട്ട നടത്തുന്നു. എങ്കിലും IWC യുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മൂലം തിമീഗല സമൂഹം ഇന്ന് തിരിച്ചുവരവിന്‍റെ പാതയിലാണ്. ആ തിരിച്ചുവരവിനെ ഒരു ജീവിയുടെ വംശനാശത്തില്‍ നിന്നുള്ള രക്ഷപ്പെടലായി മാത്രം കാണാനാകില്ല. കാരണം തിമീഗലങ്ങള്‍ ഭൂമിയുടെ കാലാവസ്ഥയെതന്നെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്.


വൃക്ഷങ്ങളും ചെടികളും ആല്‍ഗകളും എല്ലാം ഉള്‍പ്പെടുന്ന ഹരിത സമൂഹം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിനെ സ്വീകരിച്ച് ഓക്സിജന്‍ പുറന്തള്ളുന്നു എന്ന് നമുക്കറിയാം. എന്നാല്‍ സമുദ്രങ്ങളിലെ വടവൃക്ഷങ്ങളോട് തിമീഗലങ്ങളെ നമുക്കുപമിക്കാം. കാരണം അവ അത്രയേറെ കാര്‍ബണ്‍ഡയോക്‌സയിഡിനെ സ്വന്തം ശരീരത്തില്‍ ശേഖരിച്ചുവെക്കുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു മരം ഒരു വര്‍ഷത്തില്‍ 22 കിലോഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ് സ്വീകരിക്കുന്നുവെങ്കില്‍ ഏകദേശം 60 മുതല്‍ 100 വര്‍ഷം വരെ ആയുസ്സുള്ള തിമീഗലങ്ങള്‍ ഏകദേശം 33 ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡ് സ്വന്തം ശരീരത്തിലേക്ക് സ്വീകരിക്കുന്നു. ഓക്സിജന്‍ പുറത്തുവിടുന്നില്ലയെങ്കില്‍ പോലും പൂര്‍ണ്ണവളര്‍ച്ചയെത്തിയ 1500 വൃക്ഷങ്ങള്‍ക്ക് തുല്യമാണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു തിമീഗലം എന്ന് നമുക്ക് കരുതാം.





തിമീഗലങ്ങളുടെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ സമുദ്രോപരിതത്തില്‍ കാണപ്പെടുന്ന പ്ലവകങ്ങളും (ഫൈറ്റോപ്ലാങ്ക്ടണുകള്‍) ചെറു മത്സ്യങ്ങളുമാണ്. ഇവയെ ഭക്ഷിച്ചതിന് ശേഷം ജലോപരിതലത്തില്‍ വെച്ച് പുറന്തള്ളപ്പെടുന്ന മാലിന്യത്തില്‍ ഇരുമ്പ്, ഫോസ്ഫെറസ്‌, നൈട്രജന്‍ എന്നിവ വലിയതോതില്‍ അടങ്ങിയിട്ടുണ്ടാകും. ഇവയാണ് പ്ലവകങ്ങളുടെ വളര്‍ച്ചക്ക് അത്യാവശ്യമായ ഘടകങ്ങള്‍. ഇങ്ങനെ വളരുന്ന പ്ലവകങ്ങള്‍ ഉപകാരപ്പെടുന്നത് തിമീഗലങ്ങള്‍ക്ക് മാത്രമല്ല, മറിച്ച് ഈ ഭൂമിക്കാകെയാണ്. കാരണം കാരണം കടലില്‍ വളരുന്ന പ്ലവകങ്ങളാണ് മനുഷ്യന്‍ ആഗോളതലത്തില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണിന്‍റെ 40 ശതമാനവും പിടിച്ചെടുക്കുന്നത്. മാത്രമല്ല അന്തരീക്ഷത്തിലെ 50 ശതമാനം ഓക്സിജനും സംഭാവന ചെയ്യുന്നതും ഇവരാണ്. നാല് ആമസോണ്‍ മഴക്കാടുകള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുല്യമാണ് കടലിലെ പ്ലവകങ്ങളുടെ പ്രവര്‍ത്തനം. തിമീഗലങ്ങളുടെ എണ്ണം കൂടുമ്പോള്‍ അതിന് ആനുപാതികമായി പ്ലവകങ്ങള്‍ വര്‍ധിക്കുയും അതിലൂടെ കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. പ്ലവകങ്ങള്‍ ഒരു ശതമാനമെങ്കിലും വര്‍ധിച്ചാല്‍ അന്തരീക്ഷത്തിലെ മില്യണ്‍ ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡെങ്കിലും നീക്കം ചെയ്യപ്പെടുകയും അത് കാലാവസ്ഥാവ്യതിയാനത്തെ ചെറിയ തോതിലെങ്കിലും സ്വാധീനിക്കുകയും ചെയ്യും. തിമീഗലങ്ങളുടെ ദേശാന്തര സഞ്ചാരപാതകളില്‍ രൂപപ്പെടുന്ന പ്ലവക സമൂഹങ്ങള്‍ പ്രകൃതിശാസ്‌ത്രജ്ഞര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.


phytoplankton bloom in Baltic sea
ബാള്‍ട്ടിക്ക് കടലിലെ പ്ലവക സമൂഹം.. ഒരു ആകാശക്കാഴ്ച്ച

തിമീഗലങ്ങള്‍ എന്ന ജീവിസമൂഹത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കാരണം അവര്‍ ഭൂമിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ IWC പോലുള്ള സംഘടനകളുമായി ചേര്‍ന്ന് രാഷ്ട്രങ്ങള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ തിമീഗല സമൂഹങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാവണം. തിമീഗലങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഇടങ്ങളിലും അവയുടെ സഞ്ചാരപാതകളിലൂടെയുമുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കപ്പെടണം. മരങ്ങള്‍ നട്ടുവളര്‍ത്തി പ്രകൃതിസംരക്ഷണം നടത്തുക എന്ന പാരമ്പര്യ പ്രകൃതിസംരക്ഷണ നടപടികളോടോപ്പം തന്നെ ഭരണകൂടങ്ങള്‍ സമുദ്രത്തിലെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനവശ്യമായ വലിയ പദ്ധതികള്‍ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യണം. ഇതിന് വിവിധ സംഘടനകളെയും പൊതുജനങ്ങളെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം. ഈ നടപടികള്‍ പാരിസ് ഉടമ്പടി പ്രാവര്‍ത്തികമാക്കുന്നതിന് സമാന്തരമായിത്തന്നെ നടപ്പിലാക്കപ്പെടേണ്ടതാണ്. ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ സമുദ്രത്തിലെ ജലനിരപ്പിനെയും മഹാ പ്രളയങ്ങളെയും എല്‍ നിനോ പ്രതിഭാസങ്ങളേയും ചുഴലിക്കാറ്റുകളെയും എല്ലാം ഭയപ്പെടാതെ ജീവിക്കുന്ന ഒരു സമൂഹം ഭൂമിയില്‍ രൂപപ്പെടും. മനുഷ്യന്‍ കാരണം വംശനാശത്തിലേക്ക് നടന്നടുക്കുന്ന ഒട്ടേറെ ജീവിവര്‍ഗങ്ങളെ തിരിച്ചുകൊണ്ടുവരാനും ആ നടപടികള്‍ കാരണമായേക്കും.


ഇനി നമുക്കധികം സമയം ബാക്കിയില്ല. വിശ്രമമില്ലാതെ അധ്വാനിച്ചാല്‍ മാത്രമേ ആഗോളതാപനം എന്ന വിപത്തിനെ നിയന്ത്രണത്തിലാക്കി ആഗോളതലത്തില്‍ അന്തരീക്ഷ താപനില പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനടക്കമുള്ള ഭൂമിയിലെ ജീവിസമൂഹത്തിന്‍റെ ഭാവി വംശനാശത്തില്‍ അവസാനിക്കും. ജീവസാധ്യമായ ഒരു ഗ്രഹം കണ്ടുപിടിച്ച് അവിടേക്ക് കുടിയേറുക എന്നത് ഒരു സാധ്യത പോലുമല്ലാതെ നിലനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് വംശനാശ ഭീഷണി നേരിടുന്ന വ്യത്യസ്ഥയിനം ജീവികളെ സംരക്ഷിച്ചുകൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചുകൊണ്ടുവരുകയെന്നതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിലില്ല.


സങ്കല്‍പ്പിച്ചുനോക്കുക വെറുതെ

നിങ്ങള്‍ക്ക് ജലം സമ്മാനിച്ച മഴയില്ലാത്ത

നിങ്ങള്‍ക്ക് കണക്കറ്റ വിഭവങ്ങള്‍ തന്ന കാടുകളില്ലാത്ത

പച്ചപ്പില്ലാത്ത, ജീവനില്ലാത്ത ആ ഭൂമിയെ...........

മറക്കാതിരിക്കുക നിങ്ങള്‍ക്ക് തണലേകിയ വൃക്ഷക്കൂട്ടങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തന്നെ പിറവികൊടുത്ത വളര്‍ന്നുകൊണ്ടിരിക്കുന്ന ആ മരുഭൂമിയെ.......



 

കടപ്പാട് :

IWC (International Whaling Commission)

Terra Matter

NBC News

1 комментарий


binu don
binu don
17 апр. 2021 г.

എന്താല്ലേ...❤️ എനിക്ക് സങ്കല്പിക്കാൻ ആകുന്നില്ല. ഹരിതമല്ലാത്ത ജീവനില്ലാത്ത... അങ്ങനെ സങ്കല്പിക്കാൻ പോലും സാധിക്കാത്തവരുടെ ഒരു കൂട്ടം ഉണ്ടായി വരട്ടെ. ഒരുപാട് കൂട്ടങ്ങൾ ഉണ്ടായി വരട്ടെ💕 നന്മകൾ🥰

Лайк
  • Facebook
  • Twitter
  • LinkedIn

©2020 by വാക്കുകള്‍. Proudly created with Wix.com

bottom of page